നീണ്ടൂർ: നീണ്ടൂർ പ്രാവട്ടം കവലയിലെ നിർമാണം നിലച്ച കെട്ടിടത്തിൽ ആയിരക്കണക്കിന് വവ്വാലുകൾ താവളമടിച്ചിരിക്കുന്ന സംഭവത്തിൽ സാഹചര്യങ്ങൾ വിലയിരുത്താനും അനന്തര നടപടികൾ ആലോചിക്കുന്നതിനുമായി പഞ്ചായത്ത് ഓഫീസിൽ ഇന്നു യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം ഉയർത്തുന്ന ആരോഗ്യഭീഷണി ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് പഞ്ചായത്ത് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് മെംബർമാരും വ്യാപാരികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
പത്തു വർഷത്തോളമായി ഈ കെട്ടിടം വവ്വാലുകൾ താവളമാക്കിയിരിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ പറഞ്ഞു. വവ്വാലുകളെ ഇവിടെനിന്ന് തുരത്തുന്നതിനും നശിപ്പിക്കുന്നതിനും സാങ്കേതികമായ ഒട്ടേറെ തടസങ്ങളുണ്ട്.
മുമ്പ് വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് അവർ വവ്വാലുകളെ തുരത്താൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നു ചേരുന്ന യോഗം പ്രശ്നം വിശദമായി ചർച്ച ചെയ്യുമെന്നും യോഗത്തിൽ ഉയരുന്ന പ്രായോഗിക നിർദേശങ്ങൾ പരിഗണിച്ച് വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം ഉയർത്തുന്ന ഭീഷണിയിൽ പ്രദേശവാസികൾ ആശങ്കയിലാണെണ് പഞ്ചായത്ത് കമ്മിറ്റിയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് തോമസ് കോട്ടൂർ പറഞ്ഞു. വർഷങ്ങളായി നിലനില്ക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് താൻ പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രശ്നത്തിൽ മുഖം നോക്കാതെ ജനങ്ങളെ സഹായിക്കാൻ പഞ്ചായത്ത് നല്ല തീരുമാനം എടുത്താൽ പൂർണ പിന്തുന്ന നൽകും.
വവ്വാലുകൾ താവളമാക്കിയിരിക്കുന്ന സെല്ലാറിന്റെ മേൽത്തട്ട് പൊളിച്ചു കളഞ്ഞ് മണ്ണടിച്ച് നികത്തിയെടുക്കുകയായിരിക്കും പ്രായോഗികം. ജില്ലാ കളക്ടർ ഇടപെട്ട് ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് കോട്ടൂർ ആവശ്യപ്പെട്ടു.